
പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും.
കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തിയ രാഷ്ട്രീയ നീക്കമാണിതെന്ന് യുഡിഎഫ് ആരോപിച്ചു. റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളെയും ഭാവി വികസനത്തെയും ബാധിക്കുന്ന തീരുമാനമെടുക്കും മുൻപ് സംസ്ഥാന സർക്കാരുമായി ഒരു കൂടിയാലോചനയും നടത്തിയില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ഡിവിഷൻ വിഭജനം നടപ്പാകുന്നതോടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക നിലനിൽപ്പ് തന്നെ ഭീഷണിയിലാകും. പനമ്പൂർ തുറമുഖ പാത നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന് വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ വൻ ഇടിവുണ്ടാകും. പാലക്കാട് ഡിവിഷന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്.
മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ കൈവിട്ടു പോകുന്നത് ടിക്കറ്റ് വരുമാനത്തെയും സാരമായി ബാധിക്കും. ഈ വിഭജനത്തിലൂടെ മൈസൂരു ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപയുടെ വരെ വർദ്ധനവുണ്ടാകും.