
കോട്ടയം : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേള നാളെ (ഒക്ടോബർ 15, ബുധനാഴ്ച) മുതൽ 17 വരെ പാലാ നഗരസഭ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ 13 സബ് ജില്ലകളിൽ നിന്നായി 3800 വിദ്യാർഥികൾ 97 ഇനങ്ങളിലാണ് കായികമേളയിൽ മത്സരിക്കുന്നത്. നാളെ രാവിലെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജെ. അലക്സാണ്ടർ പതാക ഉയർത്തും. ഫ്രാൻസിസ് ജോർജ് എം.പി. മേള ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും.ഒക്ടോബർ 17-ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ജോസ് കെ. മാണി എം.പി. അധ്യക്ഷത വഹിക്കും.മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം നേടുന്ന സബ് ജില്ലയ്ക്ക് കെ.എം. മാണി മെമ്മോറിയൽ ട്രോഫി സമ്മാനിക്കും. കായികമേളയുടെ ലോഗോ, പബ്ലിസിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൺവീനർ ജോബി കുളത്തറ എന്നിവർ ചേർന്ന് നഗരസഭാധ്യക്ഷൻ തോമസ് പീറ്ററിന് നൽകി പ്രകാശനം ചെയ്തു.