Banner Ads

പത്മകുമാറിന് കുരുക്ക്; ബോർഡ് യോഗം തള്ളിയ നിർദ്ദേശം ചെമ്പ് രേഖയാക്കി, പിന്നിൽ ഗൂഢാലോചനയെന്ന് എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിന്റെ ബുദ്ധികേന്ദ്രം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ആണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിമാൻഡ് റിപ്പോർട്ട്. സ്വർണ്ണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നാണെന്നും പ്രതിയായ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈമാറാൻ നിർദ്ദേശം നൽകിയത് അദ്ദേഹമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2019 ഫെബ്രുവരിയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് പത്മകുമാർ ആദ്യമായി ഇടപെടുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസറാകാൻ തയ്യാറാണെന്നും കട്ടിളപ്പാളി സ്വർണ്ണം പൂശാനായി ബോർഡിന്റെ അനുമതിയോടെ പോറ്റിക്ക് കൈമാറണമെന്നും പത്മകുമാര്‍ നിര്‍ദേശം വെച്ചു. എന്നാൽ ഈ നിർദ്ദേശം ബോർഡിന് മാത്രമായി തീരുമാനമെടുത്ത് നടപ്പാക്കാൻ സാധിക്കില്ലെന്ന് യോഗത്തിൽ പൊതുവായ തീരുമാനമുണ്ടായി.

ബോർഡ് അംഗീകരിക്കാതിരുന്നതോടെ പത്മകുമാർ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ വഴിയുള്ള കത്തിടപാടുകളിലൂടെ വിഷയം വീണ്ടും ബോർഡിന് മുന്നിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഇത്തരത്തിലുള്ള ഒരു കത്തിലാണ് മുരാരി ബാബു സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പാളികളെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പാണ് പത്മകുമാറിന് കുരുക്കായത്.

ബോർഡ് അറിയാതെ പത്മകുമാർ മിനിറ്റ്‌സിൽ തിരുത്തൽ വരുത്തിയതായി എസ്ഐടി കണ്ടെത്തി. ദേവസ്വം ആസ്ഥാനത്തു നടത്തിയ റെയ്ഡിലാണ് തിരുത്തൽ വരുത്തിയ നിർണ്ണായക ഫയൽ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പത്മകുമാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി മുൻ ദേവസ്വം കമ്മീഷണർ വാസുവും മൊഴി നൽകിയിട്ടുണ്ട്.

കൂടാതെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ എന്നിവരും ഈ മൊഴി ശരിവെച്ചിട്ടുണ്ട്. പോറ്റിയുമായി എങ്ങനെ പങ്കുചേർന്നു എന്ന ചോദ്യത്തിന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ പത്മകുമാർ മറുപടി നൽകിയിട്ടില്ല. പത്മകുമാറിനെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം.