
തൃശൂർ : വായയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച കടുവയ്ക്കാണ് ദയാവധം നടത്തിയത്. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും ക്യാൻസർ രൂക്ഷമാവുകയായിരുന്നു.
ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം കടുവയുടെ ആരോഗ്യം മോശമായി. കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും ആരോഗ്യനിലയിൽ ഇനി പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദയാവധത്തിന് ഉത്തരവിട്ടത്.
മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തൃശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ വനംവകുപ്പ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു.