Banner Ads

ഓൺലൈൻ ഗെയിമിംഗ് നിരോധനം സുപ്രീം കോടതിയിൽ; കേന്ദ്രത്തോട് വിശദീകരണം തേടി

തിരുവനന്തപുരം : കേന്ദ്രസർക്കാർ 2025-ൽ നടപ്പാക്കിയ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്‌ടിനെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ സുപ്രീം കോടതിയിൽ. ഈ നിയമപ്രകാരം ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള കേസുകൾ നവംബർ 26-ന് സുപ്രീം കോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ ജെബി പർദിവാല, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ ഹർജികൾക്കും സമഗ്രമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിരോധനം മൂലം തങ്ങളുടെ ബിസിനസുകൾ ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണെന്നും നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഗെയിമിംഗ് കമ്പനികൾ കോടതിയിൽ അറിയിച്ചു.കേസിലെ അടുത്ത വാദം കേൾക്കൽ നവംബർ 26-ന് നടക്കും.

ഡൽഹി, കർണാടക, മധ്യപ്രദേശ് ഹൈക്കോടതികളിൽ സമർപ്പിച്ചിരുന്ന സമാനമായ എല്ലാ ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റിയത് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അപേക്ഷ പ്രകാരമാണ്. ഒരേ നിയമത്തിൽ ഹൈക്കോടതികൾക്ക് വ്യത്യസ്ത നിലപാടുകൾ ഉണ്ടാകുന്നത് നിയമപരമായ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണ് നടപടി.

റമ്മി, പോക്കർ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നിരോധനത്തിനെതിരെയുള്ള ഹർജിക്കാരിൽ ഉൾപ്പെടുന്നു. പുതിയ നിയമം പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും (ആർട്ടിക്കിൾ 14) വ്യാപാര സ്വാതന്ത്ര്യവും (ആർട്ടിക്കിൾ 19(1)(g)) ലംഘിക്കുന്നതായി അവർ വാദിക്കുന്നു.