
തിരുവനന്തപുരം : വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് പേരെ കാണാനില്ല. വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
അപകടം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തുരങ്കപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി മാറ്റണമെന്ന് മുൻകൂട്ടി നിർദ്ദേശിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസം 20ന് തന്നെ മണ്ണ് മാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ കരാറുകാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിഡി സതീശൻ ദുരന്തനിവാരണ സമിതി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരോട് വയനാട്ടിലെത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൂടാതെ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്ത് പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമ്മാണ മേഖലയിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.