
കോട്ടയം:വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കനാലിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജിന്റെ (33) ആണെന്ന് തിരിച്ചറിഞ്ഞു. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്നു ഇദ്ദേഹം.
ഇന്ന് രാവിലെയാണ് നാട്ടുകാർ കാർ കനാലിൽ മറിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
കാർ അപകടത്തിൽപ്പെട്ടത് ഇന്നലെ രാത്രിയാകാനാണ് സാധ്യതയെന്ന് പോലീസ് പ്രാഥമികമായി നിഗമനത്തിലെത്തിയിട്ടുണ്ട്. മൃതദേഹം നിലവിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ച ശേഷം തുടർ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് പോലീസ് അറിയിച്ചു.