Banner Ads

അപകടത്തെ അതിജീവിച്ചവർക്ക് ഓണവും നബിദിനവും വീണ്ടും; കോങ്ങാട്ട് സ്കൂളും നാട്ടുകാരും സ്നേഹം കൊണ്ട് ചേർത്തുപിടിച്ചു.

പാലക്കാട്: കോങ്ങാട്ട് ഓട്ടോറിക്ഷയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ഉള്ള വിദ്യാർഥികൾ ഒരു മാസത്തിന് ശേഷമാണ് സ്കൂളിൽ തിരിച്ചെത്തിയത്. ഈ ഒരുമാസത്തിൽ കടന്നുപോയ ഓണപരിപാടികളും, നബിദിന പരിപാടികളും വീണ്ടും ഒരുക്കി വിദ്യാർഥികളെ ചേർത്തുപിടിക്കുകയാണ് സകൂളും, നാട്ടുകാരും.

കഴിഞ്ഞ ഓഗസ്റ്റ് 27 കോങ്ങാട് ചല്ലിക്കൽ വെച്ച് ഉണ്ടായ വാഹന അപകടത്തിലാണ് പാലക്കാട് കോങ്ങാട് ഗവൺമെൻറ് യു.പി സ്കൂളിലെ വിദ്യാർഥികളായ ഹസ്ന സനക ഫാത്തിമ മുഹമ്മദ് ഹിസ്ബുല്ല മുഹമ്മദ് മിൻഹാൻ എന്നിവർക്ക് പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമത്തിന് ശേഷമാണ് വിദ്യാർഥികൾ കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയത്. ചികിത്സ കഴിയുമ്പോൾ ഓണാഘോഷവും നബിദിന റാലിയും എല്ലാം കഴിഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ കുട്ടികൾ സ്കൂളിലേക്ക് വന്നപ്പോൾ വർണ്ണാഭമായ ഓണാഘോഷവും നബിദിന റാലിയും ഒരുക്കിയാണ് വിദ്യാർഥികളെ കോങ്ങാട് സമൂഹം സ്വീകരിച്ചത്. പുലികളിയും കുമ്മാട്ടിക്കളിയും ദഫ് മുട്ടും എല്ലാം ആഘോഷമായി ഇവർ ഒരുക്കിയിരുന്നു.രാവിലെ മദ്രസ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം.

വിദ്യാർത്ഥികളുടെയും ഓട്ടോ ഡ്രൈവർ മുഹമ്മദ് സുഹൈലിനെയും ചികിത്സയ്ക്കായി നാട്ടു തന്നെയാണ് മുൻകൈയെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ചികിത്സയ്ക്കായി നാട് ഒന്നിച്ചതോടെ 70 ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞു. സ്കൂൾ അധികൃതരും നാട്ടുകാരും പങ്കുചേർന്നതോടെ വരവേൽപ്പ് തീർത്തും ഉത്സവമായി മാറി.