
തൃശൂര്‍:കാർ തടഞ്ഞുനിർത്തി യുവാവിനെ ഭീഷണിപ്പെടുത്തി വാച്ചും മൊബൈലും കവർന്ന കേസിൽ മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ. ആനന്ദപുരം ഇടയാട്ടുമുറി സ്വദേശികളായ അപ്പുട്ടി എന്ന അനുരാഗ് (28), നിഖിൽ (30), പട്ടേപ്പാടം കൊറ്റനെല്ലൂർ സ്വദേശി അബ്ദുൾ ഷാഹിദ് എന്നിവരെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്.
കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺസുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന 36 വയസ്സുള്ള കറുകുറ്റി സ്വദേശിയെയാണ് പ്രതികൾ ആക്രമിച്ചത്. കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും, 20,000 രൂപ വിലവരുന്ന വാച്ചും മൊബൈൽ ഫോണും കവർന്നെടുത്ത് കടന്നുകളയുകയുമായിരുന്നു.
പിടിയിലായ പ്രതികൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പോലീസ് അറിയിച്ചു. ഇവർക്കെതിരെ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, വൈഷ്ണവ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പി.എം. ജിജോ, സി.പി.ഒമാരായ ഫൈസൽ, നവീൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.