
ദില്ലി : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്റെ ഉദ്ഘാടന ഓട്ടം 2027 ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയിലായിരിക്കും ആദ്യ ഓട്ടം നടത്തുക. പ്രാരംഭ ഘട്ടത്തിൽ ഈ പാതയ്ക്ക് 100 കിലോമീറ്റർ ദൈർഘ്യമുണ്ടാകും.
2029ഓടെ സബർമതി (അഹമ്മദാബാദ്) മുതൽ മുംബൈ വരെയുള്ള അതിവേഗ റെയിൽ ഇടനാഴി പൂർത്തിയാക്കുമ്പോൾ ഈ റൂട്ട് ക്രമേണ 508 കിലോമീറ്റർ ദൈർഘ്യത്തിലേക്ക് വികസിപ്പിക്കും. ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി അടുത്ത മാസം പുറത്തിറക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ചെറിയ നവീകരണ ജോലികൾക്ക് ശേഷമാണ് വണ്ടി സർവീസ് തുടങ്ങുക.
യാത്രക്കാർക്ക് ഉയർന്ന നിലവാരവും സൗകര്യവും സുരക്ഷയും ഉറപ്പാക്കിയാകും പുതിയ സ്ലീപ്പർ തീവണ്ടി പുറത്തിറക്കുക. തുടക്കത്തിൽ 10 സ്ലീപ്പർ വണ്ടികളാണ് പുറത്തിറക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത്. പുതിയ ട്രെയിനുകൾ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.