
കല്‍പ്പറ്റ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിനം ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളാണ് പ്രധാനമായും അവസാന ദിനം പത്രിക നൽകിയത്.
വിവിധയിടങ്ങളിൽ കോൺഗ്രസിനെതിരെ വിമതർ നാമനിർദ്ദേശ പത്രിക നൽകിയത് യുഡിഎഫിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ തോമാട്ടുചാൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ വിമത സ്ഥാനാർത്ഥിയായി പത്രിക നൽകി. പനമരം ബ്ലോക്കിൽ സംഷാദ് മരക്കാർക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് മത്സരിക്കുന്നു.
നെന്മേനി പഞ്ചായത്തിലെ നാല് വാർഡുകളിൽ കോൺഗ്രസും മുസ്ലിം ലീഗും നേർക്കുനേർ മത്സരിക്കുന്നുണ്ട്. എൽഡിഎഫ് ഭിന്നത നിലനിൽക്കുന്ന തിരുനെല്ലിയിലെ ചേലൂർ വാർഡിൽ സിപിഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുന്നു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും.