Banner Ads

ഒരു രോഗിയെയും തിരിച്ചയക്കില്ല; തിരക്ക് നിയന്ത്രിക്കാൻ റഫറൽ പ്രോട്ടോക്കോൾ കർശനമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ഉൾക്കൊള്ളുന്നതിലും അധികം രോഗികൾ എത്തുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു രോഗിയെ പോലും തിരിച്ചയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ബെഡ് ഉണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ മറ്റ് ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജുകളിലേക്ക് രോഗികളെ റഫർ ചെയ്യാവൂ.

സ്വകാര്യ ആശുപത്രികളിൽ നിന്ന് ധാരാളം രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് എത്തിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രോഗികളെ ഉപേക്ഷിച്ച് കടന്നുകളയുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.