
കൊച്ചി : പരിഷ്കരിച്ച ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ കൂട്ടത്തോൽവി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാറ്റങ്ങൾ വരുത്തി. പുതിയ ചോദ്യമാതൃകയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെക്കുറിച്ചും പരീക്ഷാ രീതിയെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
പുതിയ പരിഷ്കാരത്തിനെതിരെ ഉയർന്ന പ്രധാന പരാതിക്ക് പരിഹാരമായി ചോദ്യോത്തര വേളയിൽ നൽകേണ്ട കാപ്ചയുടെ എണ്ണം കുറയ്ക്കുകയാണ് കമ്മീഷൻ ചെയ്തത്. മുൻപ് 20 ചോദ്യങ്ങളായിരുന്നത് പരിഷ്കരിച്ചപ്പോൾ 30 ആയി ഉയർത്തി. 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയുത്തരം നൽകണം.
ഓരോ മൂന്ന് സാധാരണ ചോദ്യങ്ങൾക്കു ശേഷവും അതിന്റെ ഉത്തരം കാപ്ച (CAPTCHA) രൂപത്തിൽ ടൈപ്പ് ചെയ്ത് നൽകേണ്ട ചോദ്യം വരുമായിരുന്നു. 30 ചോദ്യമുള്ള പരീക്ഷയിൽ 9 തവണ വരെ കാപ്ച ഉത്തരം നൽകേണ്ടി വന്നിരുന്നു. സാധാരണ ചോദ്യത്തിന് 30 സെക്കൻഡും കാപ്ച ഉത്തരമായി നൽകേണ്ട ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരുന്നത്.
കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് വേഗതയും കുറഞ്ഞവർക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും നമ്പറുകളും അടങ്ങിയ കാപ്ച കൃത്യസമയത്ത് ടൈപ്പ് ചെയ്യാൻ കഴിയാതെ വന്നതോടെ 80 ശതമാനം പേർക്കും പരീക്ഷ പൂർത്തിയാക്കാനായില്ല. ആദ്യ കാപ്ച ചോദ്യം എത്തുമ്പോഴേക്കും സമയം തീർന്ന് പുറത്താകുന്ന അവസ്ഥ പോലും ഉണ്ടായി.
പരാതി വ്യാപകമായതിനെത്തുടർന്ന് മൊത്തം കാപ്ച ചോദ്യങ്ങളുടെ എണ്ണം മൂന്നായി ചുരുക്കി. ഇത് പരീക്ഷ എഴുതുന്നവർക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും പരീക്ഷാ രീതിയെ പേടിച്ച് ഇപ്പോഴും പലരും ലൈസൻസ് എടുക്കാൻ മടിക്കുന്നുണ്ട്.