Banner Ads

സാങ്കേതികവിദ്യ എത്ര വളർന്നാലും പകരമാകില്ല മനുഷ്യസ്പർശം; ഇന്ന് അധ്യാപകദിനം

ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനം. ഒരു ക്ലിക്കിൽ എന്തും മുന്നിലെത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (എഐ) ഡിജിറ്റൽ യുഗത്തിന്റെയും കാലത്തും അധ്യാപകന്റെ പ്രസക്തി ഒട്ടും കുറയുന്നില്ല. അറിവ് നൽകുന്നതിനപ്പുറം ജീവിതത്തിൽ ശരിയും തെറ്റും തിരിച്ചറിയാനും പ്രതിസന്ധികളെ നേരിടാനുമുള്ള കരുത്ത് പകരുന്നത് അധ്യാപകനാണ്.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനും അധ്യാപകനുമായിരുന്ന ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് (1888 സെപ്റ്റംബർ 5) രാജ്യം അധ്യാപകദിനമായി ആഘോഷിക്കുന്നത്. 1962 മുതലാണ് ഈ ദിനം അധ്യാപകദിനമായി ആചരിക്കാൻ തുടങ്ങിയത്. ഇന്ന് വിവരങ്ങൾ കണ്ടെത്താൻ പുസ്തകങ്ങളെ മാത്രം ആശ്രയിക്കേണ്ടതില്ല. വീഡിയോ ക്ലാസുകളും എഐ ടൂളുകളും ലഭ്യമാണ്.

എന്നാൽ ഈ വിവരങ്ങളിൽ നിന്നും ശരിയായത് തിരഞ്ഞെടുക്കാനുള്ള വിവേകം പകർന്നുനൽകുന്നത് അധ്യാപകരാണ്. വിദ്യാർഥിയോട് കേവലം വിവരങ്ങൾ കൈമാറുക മാത്രമല്ല ചോദ്യങ്ങൾ ചോദിക്കാനും, തെറ്റുകൾ തിരുത്താനും, പരാജയങ്ങളിൽ നിന്ന് വീണ്ടും തിരിച്ചുവരാനും പ്രചോദിപ്പിക്കുന്നത് അധ്യാപകന്റെ വാക്കും സാന്നിധ്യവുമാണ്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം മൂല്യങ്ങളും ഉത്തരവാദിത്തബോധവും വിദ്യാർഥികളിൽ വളർത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം.

സാങ്കേതികവിദ്യ പഠനത്തെ വേഗത്തിലാക്കിയേക്കാം. എന്നാൽ അറിവിനെ തിരിച്ചറിവാക്കി ജീവിതവിജയത്തിലേക്ക് നയിക്കാൻ ഒരു അധ്യാപകന്റെ മനുഷ്യസ്പർശം തന്നെയാണ് ആവശ്യം. ഈ അധ്യാപകദിനത്തിൽ കേവലം ആശംസകൾക്കപ്പുറം നമ്മെ ഇന്നത്തെ നമ്മളാക്കി മാറ്റിയ പ്രിയ അധ്യാപകർക്കായി നന്ദിയോടെ മനസ്സ് തുറക്കാം.