
തിരുവനന്തപുരം : സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശികയും ചേർത്തുള്ള 3600 രൂപയാണ് ഈ മാസം ലഭിക്കുക. സർക്കാർ പ്രഖ്യാപനങ്ങൾ ലോട്ടറി അടിച്ചിട്ടല്ല നടത്തുന്നതെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നും ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി അറിയിച്ചു. ആശാ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്നത് കേരളമാണ്.
സമരം ചെയ്യുന്നവരോട് ദേഷ്യമില്ലെന്നും കേന്ദ്രസർക്കാർ പണം തരാത്തതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുൻപ് തന്നെ കേന്ദ്രവുമായി ചർച്ച നടത്തിയിരുന്നു. സമരം കണ്ടിട്ടാണ് ഓണറേറിയം വർധിപ്പിച്ചതെന്നാണ് ആശമാർ അവകാശപ്പെടുന്നത്. അവർ അങ്ങനെതന്നെ വിചാരിച്ചോട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.