
തിരുവനന്തപുരം : അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത നിവാരണ മുന്നറിയിപ്പ് സംവിധാനമായ കവചം പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ പ്രവർത്തിപ്പിക്കുന്നത്.
റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈകീട്ട് 03.00 നും 03.30 നും ഇടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വൈകീട്ട് 4.00 നും 4.30 നും ഇടയിലുമാണ് സൈറൺ മുഴങ്ങുക.
മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുന്നതിന്റെ ഭാഗമായാണ് ദുരന്ത നിവാരണ അതോറിറ്റി സൈറൺ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.