
കൊച്ചി : ഡ്രൈ ഡേ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മുഖ്യമന്ത്രിയെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു സമിതിയുടെ വിമർശനം.
ഉമ്മൻചാണ്ടി, പിണറായി സർക്കാരുകൾക്ക് പോലും കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ലെന്നും അത്തരമൊരു നയം പുറത്തുവന്നാൽ ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്നും സമിതി വ്യക്തമാക്കി.
വേതനം വിതരണം ചെയ്യുന്ന ദിനങ്ങളിൽ വരുമാനം മദ്യത്തിന് പിന്നാലെ പോകാതിരിക്കാനും നാട്ടിൽ അനിഷ്ട സംഭവങ്ങൾ കുറയ്ക്കാനുമാണ് ഡ്രൈ ഡേ നയം കൊണ്ടുവന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി.
ഗീവ് ആൻഡ് ടെക് പോളിസിയിലൂടെ സർക്കാരിലേക്ക് തന്നെ പണം തിരികെ എത്തിക്കാനുള്ള ധനകാര്യ തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സമിതി പറഞ്ഞു.
വിനോദസഞ്ചാരത്തിന്റെയും കോൺഫറൻസുകളുടെയും മറവിൽ ഡ്രൈ ഡേ പിൻവലിക്കരുത്. ടൂറിസത്തിനും കോൺഫറൻസുകൾക്കും മദ്യം ഒഴിച്ചുകൂടാനാകാത്ത ഘടകമായി സർക്കാർ കാണരുത്. മദ്യം നൽകി ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തേണ്ടതില്ലെന്നും സമിതി കൂട്ടിച്ചേർത്തു.
വിഷയത്തിൽ തുടർനടപടികൾ ആലോചിക്കാൻ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര ഓൺലൈൻ യോഗം ഞായറാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.