
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഡോ എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക ഡോ കെടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാലിന്റെതാണ് വിധി.
പട്ടികജാതി/പട്ടികവർഗ്ഗ പീഡനനിരോധന നിയമത്തിൽ നിന്ന് ഒഴിവാകാൻ താൻ പട്ടികജാതിക്കാരനാണെന്ന് കാണിച്ച് ഡോ റാം കോടതിയിൽ രേഖകൾ ഹാജരാക്കിയിരുന്നു. എന്നാൽ റാം കർണാടകയിൽ ജനിച്ച ഒബിസി വിഭാഗക്കാരനാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. പ്രതി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയതായി പബ്ലിക് പ്രൊസിക്യൂട്ടർ കെ അജിത്ത് കുമാർ വ്യക്തമാക്കി.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ ഡോ എംകെ റാം, നിതിൻ രാജിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും സഹപാഠികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് അധ്യാപകർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡോ സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ച വിധി പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. രണ്ടാം പ്രതിയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ നിതിൻ രാജിന്റെ കുടുംബവുമായി ആലോചിച്ച് തീരുമാനമെടുക്കും. നിതിൻ രാജിന്റെ മരണത്തിന് 16 ദിവസങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.