Banner Ads

നീറ്റ് പ്രതിഷേധം: സംസ്ഥാനത്ത് 36 കേസുകൾ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ

തിരുവനന്തപുരം : നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് സിജെപി, വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളിൽ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

പ്രതിഷേധങ്ങൾക്കിടയിലുണ്ടായ പോലീസ് അതിക്രമങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് സംസ്ഥാന സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ് (10 കേസുകൾ).

ആലപ്പുഴയിൽ എട്ടും തൃശൂരിൽ അഞ്ചും കേസുകൾ എടുത്തിട്ടുണ്ട്. കൊച്ചി സിറ്റിയിൽ 100 പേരെ പ്രതികളാക്കി ഒരു കേസും രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി സംഘം ചേരൽ, അക്രമം, കലാപ ശ്രമം, പൊതുവഴി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസുകളിലെ തുടർനടപടികൾ സുപ്രീം കോടതിയുടെ കർശന നിർദ്ദേശങ്ങൾ പാലിച്ചു മാത്രമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.