കൂത്തുപറമ്പ് : സി.പി.എം. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും നാലാം വാർഡ് കൗൺസിലറുമായ പി.പി. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വയോധികയുടെ മാല മോഷ്ടിച്ചതിനാണ് നടപടി. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനാലാണ് കൗൺസിലർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വീട്ടിൽ ഒറ്റക്കായിരുന്ന 77 വയസ്സുള്ള ജാനകി എന്ന വയോധികയുടെ മാലയാണ് രാജേഷ് കവർന്നത്. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ വീടിന്റെ മുൻവാതിൽ തുറന്നിട്ടതായിരുന്നു. പെട്ടെന്ന് അകത്തേക്ക് കയറിവന്ന മോഷ്ടാവ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച ഒരാളാണ് മാല പൊട്ടിച്ചതെന്ന് ജാനകി പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത്. ഇതാണ് നാലാം വാർഡ് കൗൺസിലറായ പി.പി. രാജേഷിലേക്ക് എത്താൻ കാരണമായത്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. രാജേഷ് കുറ്റം സമ്മതിച്ചതായി കൂത്തുപറമ്പ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.