Banner Ads

നന്ദഗോവിന്ദം ഭജൻസ് വിവാദം; കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന കോമരങ്ങളെ നാട്ടുകാർ തിരിച്ചറിയുമെന്ന് അബിൻ വർക്കി

തിരുവനന്തപുരം : വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ കെപി ശശികലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. ക്ഷേത്ര കമ്മിറ്റിക്കോ അവിടുത്തെ വിശ്വാസികൾക്കോ ഇല്ലാത്ത പരാതി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്ന ചില കോമരങ്ങൾക്കാണെന്ന് അബിൻ വർക്കി വിമർശിച്ചു.

നല്ല ഒന്നാംതരം സദ്യ വിളമ്പിയിട്ട് അതിന്റെ അറ്റത്ത് അല്പം മാലിന്യം വെച്ചാൽ സദ്യ മുഴുവൻ എങ്ങനെ നാറുമോ അതാണ് കേരളത്തിലെ ശശികലയെപ്പോലുള്ളവരുടെ അവസ്ഥയെന്ന് അബിൻ വർക്കി പറഞ്ഞു. പത്തു കൊല്ലം മുൻപ് വരെ പാട്ടിൽ മതം തിരയുന്ന രീതി കേരളത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബോധപൂർവ്വം വിദ്വേഷം പടർത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ക്ഷേത്ര പുനരുദ്ധാരണത്തിനായി നടന്ന പരിപാടിയിൽ ഗാനം ആലപിച്ചതിൽ നാട്ടുകാർക്കോ വിശ്വാസികൾക്കോ യാതൊരു എതിർപ്പുമില്ലെന്നും അബിൻ വ്യക്തമാക്കി. ചിക്കൻ മസാല നല്ലതാണ്. പക്ഷേ അത് പായസത്തിലിടരുത് എന്നായിരുന്നു ക്ഷേത്രത്തിലെ ഗാനാലാപനത്തെ പരിഹസിച്ച് കെപി ശശികല നേരത്തെ പ്രതികരിച്ചത്.