
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ടർപട്ടികാ വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഹിയറിങ്ങിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വൈഷ്ണ സുരേഷിനും പരാതിക്കാരനായ സിപിഎം പ്രവർത്തകൻ ധനേഷ് കുമാറിനും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
വൈഷ്ണയുടെ പേര് സാങ്കേതികത്വത്തിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ ഹൈക്കോടതി ഇന്നലെ ശക്തമായി വിമർശിച്ചിരുന്നു. ഈ നടപടി അനീതിയായിപ്പോയെന്ന് കോടതി അഭിപ്രായപ്പെട്ടു. 24 വയസ്സുള്ള ഒരു പെൺകുട്ടി മത്സരിക്കാൻ ഇറങ്ങിയപ്പോൾ രാഷ്ട്രീയ കാരണങ്ങൾ മുൻനിർത്തി ഒഴിവാക്കുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
വൈഷ്ണയുടെ പരാതിയിൽ വീണ്ടും ഹിയറിങ് നടത്തി തീരുമാനം എടുക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇന്ന് ഹിയറിങ് വിളിച്ചിട്ടുള്ളത്. വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണ സുരേഷും കുടുംബാംഗങ്ങളും മുട്ടട വാർഡിൽ പേര് ചേർത്തുവെന്നായിരുന്നു ധനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലെ ആരോപണം.