Banner Ads

മുതലപ്പൊഴി അപകടം: ഷിജിനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; ഒടുവിൽ സ്കൂബ ടീമുമെത്തി

തിരുവനന്തപുരം : മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. തെരച്ചിലിനായി നാലംഗ സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്തെത്തി.

അപകടമുണ്ടായ പ്രദേശം കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തെരച്ചിലിനായി സ്കൂബ ടീമിനെ അയക്കാത്തതിൽ പ്രദേശവാസികൾക്കിടയിലും ഷിജിന്റെ ബന്ധുക്കൾക്കിടയിലും പ്രതിഷേധം ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് സ്കൂബ ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ കടലിലും കായലിലുമായി ഫിഷറീസ് പട്രോൾ ബോട്ട്, വള്ളങ്ങൾ, ലൈഫ് ഗാർഡുകൾ, കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പരിശോധനയാണ് നടക്കുന്നത്.

കാണാതായ ഗൗതം കൃഷ്ണയുടെ ബന്ധുക്കളും സംഘത്തോടൊപ്പം പങ്കാളികളാകുന്നുണ്ട്. വ്യോമമാർഗം നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിച്ചുള്ള തെരച്ചിലും തുടരുകയാണ്.