Banner Ads

തിരുവനന്തപുരത്ത് ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; 48 സ്ഥാപനങ്ങൾക്ക് നോട്ടീസ്, പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരം : നഗരസഭാ പരിധിയിൽ ജലജന്യ രോഗങ്ങളും മഴക്കാലപൂർവ പടർച്ചവ്യാധികളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവിതരണ ശാലകളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. നഗരസഭയുടെ പത്തോളം സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ഇന്ന് മാത്രം 95 സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന പൂർത്തിയാക്കിയത്.

ശുചിത്വ മാനദണ്ഡങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ 48 സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി. നിയമലംഘനം നടത്തിയ ഹോട്ടലുകളിൽ നിന്ന് 57500 രൂപ പിഴ ഈടാക്കുകയും ചെയ്തു. വിൽപ്പനയ്ക്കായി പഴകിയതും അഴുക്കായതുമായ ഭക്ഷണം സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരം ഭക്ഷണസാധനങ്ങൾ സ്ക്വാഡ് പിടിച്ചെടുത്ത് നശിപ്പിച്ചു.

വരും ദിവസങ്ങളിലും നഗരസഭാ പരിധിയിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളിലെയും മറ്റ് ഭക്ഷ്യശാലകളിലെയും അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെങ്കിലോ വീഴ്ചകൾ ആവർത്തിച്ചാലോ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.