
കൊച്ചി : വോട്ടർ പട്ടികയിൽ ഒന്നിലധികം മണ്ഡലങ്ങളിൽ പേരുള്ള വ്യക്തികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഒന്നിലധികം സ്ഥലങ്ങളിൽ പേരുണ്ടെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചു കൊണ്ടുള്ള സർക്കുലർ സ്റ്റേ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ (എസ്.ഇ.സി) നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
ഇരട്ട വോട്ടുണ്ടെന്ന കാരണത്താൽ സ്ഥാനാർത്ഥിത്വം തള്ളാനാവില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് കോടതി തള്ളിയത്. നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഒരു സർക്കുലർ എങ്ങനെ പുറത്തിറക്കാൻ കഴിഞ്ഞുവെന്ന് ചോദ്യം ചെയ്ത സുപ്രീം കോടതി ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. ഇരട്ട വോട്ട് അനുവദിച്ചുകൊണ്ട് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ പഞ്ചായത്തിരാജ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഒന്നിലധികം വോട്ടർ പട്ടികയിൽ പേരുള്ള സ്ഥാനാർഥികളെ മത്സരിക്കാൻ അനുവദിക്കുന്നത് 2016 ലെ ഉത്തരാഖണ്ഡ് പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 9(6), 9(7) എന്നിവയുടെ ലംഘനമാണെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.