
തിരുവനന്തപുരം : നിയമസഭാ ചർച്ചയ്ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ‘ട്രോളി’ മന്ത്രി വീണാ ജോർജ്. ‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ഗർഭസ്ഥാവസ്ഥയിലുള്ള ശിശു മുതൽ രണ്ട് വയസ്സ് വരെയും അതിനുശേഷം മൂന്നു വയസ്സുമുതൽ അങ്കണവാടിയിൽ പോഷകാഹാരം നൽകിയും സർക്കാർ പരിചരണം ഉറപ്പാക്കുന്നുവെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ശിശുമരണനിരക്കുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ എം. വിജിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ശിശുമരണനിരക്കിൽ അമേരിക്കയെക്കാൾ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. “അമേരിക്കയിൽ 5.6 ആണ്, നമ്മുടേത് അഞ്ചാണ്. ചരിത്രത്തിലെ അഭിമാനകരമായ നേട്ടമാണിത്,” മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തും കഴിഞ്ഞ സർക്കാരിന്റെ കാലത്തും നടത്തിയ വലിയ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ആരോഗ്യരംഗം മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ 25 ലക്ഷത്തിലധികം ആളുകൾക്ക് 7708 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്.
സൗജന്യ മരുന്നിനായി കെ.എം.സി.എല്ലിന് 650 മുതൽ 700 കോടി രൂപ വരെയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഒൻപത് വർഷം മുൻപ് 12 ഡയാലിസിസ് സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ 112 എണ്ണമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.