Banner Ads

മിനിമം ചാർജ് 20 രൂപയാക്കണം: ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ബസുടമകളുടെ പരാതി.

വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തിയെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാൻ ഉടമകൾ തീരുമാനിച്ചത്. മിനിമം ചാർജ് 20 രൂപയാക്കി വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ വർധന വരുത്തുക,

പ്രിയദർശിനി പദ്ധതി കാരണം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം. പ്രിയദർശിനി നടപ്പിലാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ജീവനക്കാരുടെ വേതനം നൽകാനോ ഡീസൽ അടിക്കാനോ പോലുമുള്ള വരുമാനം ലഭിക്കുന്നില്ലെന്ന് ഉടമകൾ പറയുന്നു.

ഇതിനുമുമ്പ് ഇതേ ആവശ്യങ്ങളുന്നയിച്ച് ഉടമകൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. നിരാഹാര സമരത്തിലൂടെയും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.