
കൊച്ചി : മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ തീരുമാനം അറിയിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് നാളെ കോടതിയിൽ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ഉത്തരവിട്ടു.
കേസിൽ തീരുമാനം അറിയിക്കാൻ സമയം വേണമെന്നും രണ്ടാഴ്ചത്തെ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അത് പൂർണമായും തള്ളി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
കേസിൽ എട്ട് കേസുകളിലെ അന്വേഷണം പൂർത്തിയായതായും പ്രോസിക്യൂഷൻ അനുമതിക്കായി ഫയൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും എസ്പി കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതി നീളുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ കോടതി നിർദേശിച്ചത്.