
കൊച്ചി : മെസിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരി ഓഫീസിൽ നടത്തിയ പരിശോധനയിൽ വിശദീകരണവുമായി എസ്ഐടി. സാമ്പത്തിക തട്ടിപ്പിൽ റിപ്പോർട്ടർ ടിവിയുടെ മാതൃ കമ്പനിയും പ്രതിപ്പട്ടികയിലുണ്ടെന്നും ബിനാമി ഇടപാടുകൾ തെളിയിക്കുന്ന രേഖകൾ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയതെന്നും എസ്ഐടി വ്യക്തമാക്കി.
കളമശ്ശേരിയിലെ ഓഫീസ് വിലാസത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഫീസിലെ പരിശോധന ചാനലിന്റെ ന്യൂസ് ഡെസ്കിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു. അതേസമയം റെയ്ഡുമായി ചാനൽ അധികൃതർ സഹകരിച്ചില്ലെന്ന് തൃക്കാക്കര എസിപി വിമർശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ട അഡ്മിൻ ഓഫീസ് തുറന്നു നൽകാൻ ജീവനക്കാർ തയ്യാറായില്ല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും എത്തിയില്ലെന്നും എസിപി പറഞ്ഞു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ ആരെയും കാണാത്തതിനാലാണ് വിവരം തിരക്കാൻ ന്യൂസ് ഡെസ്കിലേക്ക് കയറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ഭാരവാഹികളായ ആന്റോ അഗസ്റ്റ്യൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് എസ്ഐടി വിശദമായി ചോദ്യം ചെയ്തു വരികയാണ്. അന്വേഷണത്തിൽ ഇതുവരെ ലഭിച്ച നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.