Banner Ads

ആർത്തവ അവധി; സ്ത്രീകളിൽ നിന്ന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള തീരുമാനത്തിൽ സ്ത്രീ സമൂഹത്തിൽ നിന്ന് തന്നെ പരാതി ഉയരുകയാണെങ്കിൽ അത് പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. പൊതുവായ ഒരു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുള്ളൂവെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥിനികളുണ്ട്.

അവരെ നിർബന്ധിച്ച് ക്ലാസുകളിൽ ഇരുത്തരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. ഈ വിഷയത്തിൽ യുഡിഎഫ് മുന്നണിക്കുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 100 ശതമാനം സ്കൂളുകളിലും ഇതിനോടകം പാഠപുസ്തകങ്ങൾ എത്തിച്ചുകഴിഞ്ഞു. കുട്ടികൾക്കുള്ള വർക്ക് നോട്ടുകൾ ജൂൺ 10ഓടെ വിതരണം ചെയ്യും. കേരളത്തിലെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.

ചില സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിലും മന്ത്രി വ്യക്തത വരുത്തി. സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കുന്നതിൽ ചില സാങ്കേതിക ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള സാങ്കേതിക വിഷയങ്ങളിൽ കൃത്യമായി ഇടപെടാൻ കഴിയാത്തതായിരുന്നു പ്രശ്നം. ഈ പ്രതിസന്ധി പരിഹരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.