
തിരുവനന്തപുരം : കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ (KGMCTA) നടത്തുന്ന റിലേ ഒപി ബഹിഷ്‌കരണം അഞ്ചാം ആഴ്ചയിലേക്ക്. ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. നവംബർ 21 (വെള്ളിയാഴ്ച), നവംബർ 29 (ശനിയാഴ്ച) എന്നീ തീയതികളിൽ ഒപിയും തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും.
ചട്ടപ്പടി സമരം (Work to Rule) തുടരും. ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, കൂടാതെ സ്ഥിതിവിവരക്കണക്കുകൾ കൈമാറില്ല. എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ 10.30 ന് പ്രതിഷേധയോഗം ചേരും. ഐപി രോഗികളുടെ ചികിത്സ, ശസ്ത്രക്രിയകൾ, അടിയന്തിര ചികിത്സകളായ കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, അടിയന്തിര ശസ്ത്രക്രിയകൾ എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധ ദിനങ്ങളിൽ അടിയന്തര ചികിത്സകൾ ഒഴികെയുള്ള ആവശ്യങ്ങൾക്കായി ആശുപത്രികളിൽ വരുന്നത് പൊതുജനങ്ങൾ ഒഴിവാക്കണം. ആവശ്യങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ശേഷം സമരപരിപാടികൾ ശക്തമാക്കാൻ സംഘടന നിർബന്ധിതമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.