
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ QR കോഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് സമ്മതിച്ചത്. ഏകദേശം 40 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
തട്ടിപ്പിലൂടെ നേടിയ പണം പ്രതികൾ സ്വർണം വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ടാം പ്രതിയായ രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
കേസിലെ മൂന്ന് പ്രതികളിൽ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ദിയയുടെ വിവാഹശേഷം സ്ഥാപനത്തിൻ്റെ ചുമതല ജീവനക്കാർക്കായിരുന്നു. ഉപഭോക്താക്കളിൽ നിന്ന് തങ്ങളുടെ സ്വന്തം QR കോഡ് ഉപയോഗിച്ച് പണം സ്വീകരിച്ച ശേഷം ഈ തുക സ്ഥാപനത്തിന് കൈമാറിയില്ലെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്.
ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളുടെ ബാങ്ക് രേഖകൾ ഈ തട്ടിപ്പിന് തെളിവുകളാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.കേസിലെ മൂന്നാം പ്രതിയായ ദിവ്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.