കൊല്ലം : മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടമുണ്ടായ സംഭവത്തിൽ കാണാതായ അഞ്ച് ഇന്ത്യാക്കാരിൽ കൊല്ലം സ്വദേശിയും. കൊല്ലം തേവലക്കര സ്വദേശിയായ ശ്രീരാഗ് രാധാകൃഷ്ണനെയാണ് കാണാതായത്. സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ് ശ്രീരാഗ്. അപകടവിവരം എംബസിയിൽ നിന്നും കമ്പനിയിൽ നിന്നും ശ്രീരാഗിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉൾപ്പെടുന്നതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു. മൊസാംബിക്കിൽ എം.ടി. സീ ക്വസ്റ്റ് (MT Sea Quest) എന്ന കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. അപകടത്തിൽ 3 ഇന്ത്യാക്കാർ മരിക്കുകയും ചെയ്തു. മലയാളികളടക്കം 5 പേരെയാണ് കാണാതായത്.
ബോട്ടുണ്ടായിരുന്ന ആകെ 21 പേരിൽ 14 പേർ സുരക്ഷിതരാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധുക്കൾക്ക് വിവരങ്ങൾ അറിയാനായി ഹൈക്കമ്മീഷൻ ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്: +258-870087401, +258-821207788, +258-871753920 (WhatsApp).