Banner Ads

തിരുവനന്തപുരത്ത് പ്രധാന ജലവിതരണ പൈപ്പ് പൊട്ടി; നഗരത്തിൽ കുടിവെള്ളവും ഗതാഗതവും തടസ്സപ്പെടും

തിരുവനന്തപുരം : തലസ്ഥാന നഗരഹൃദയത്തിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടി. വാൻറോസ് ജംഗ്ഷനിൽ നിന്നും ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിൽ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ശക്തമായ മഴയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടിയതോടെ പ്രദേശത്താകെ കടുത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.

പൈപ്പ് പൊട്ടിയതിനെ തുടർന്ന് സെക്രട്ടറിയേറ്റ്, തമ്പാനൂർ ഉൾപ്പെടെ നഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പൊട്ടിയൊഴുകിയ വെള്ളം സെക്രട്ടറിയേറ്റിലേക്കുള്ള റോഡിൽ കെട്ടിക്കിടക്കുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കോർപ്പറേഷൻ അധികൃതർ കരാറുകാരെ വിവരമറിയിക്കുകയും വാട്ടർ അതോറിറ്റിയുമായി ചേർന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രധാന പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സം നേരിടും. എത്രയും വേഗം പണി പൂർത്തിയാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.