Banner Ads

തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ വൻ തീപിടിത്തം; അൽഫാം അടുപ്പിൽ നിന്ന് തീ പടർന്നത് പരിഭ്രാന്തി പരത്തി

തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് പ്രവർത്തിക്കുന്ന ഹോട്ടലിൽ അൽഫാം അടുപ്പിൽ നിന്ന് തീ പടർന്ന് വൻ തീപിടിത്തം.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളിക്കോട്ടെ ‘സംസം’ ഹോട്ടലിലായിരുന്നു സംഭവം. അൽഫാം ഗ്രിൽ ചെയ്യുന്ന അടുപ്പിൽ നിന്നുമുയർന്ന തീ ചിമ്മിനിയിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് നിമിഷങ്ങൾക്കകം പരിഭ്രാന്തി പരന്നു.

അടുക്കളയിൽ നിന്ന് വലിയ തോതിൽ പുകയും തീയും ഉയർന്നതോടെ ജീവനക്കാർ ബഹളം വെക്കുകയും ഹോട്ടലിലുണ്ടായിരുന്ന ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഹോട്ടലിന്റെ മുൻഭാഗത്തുനിന്ന് ചിമ്മിനി ലക്ഷ്യമാക്കി സമയോചിതമായി വെള്ളം പമ്പ് ചെയ്തതോടെ തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. ഫയർഫോഴ്സിന്റെ വേഗത്തിലുള്ള ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ആളപായമോ ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.