Banner Ads

എം.എ. യൂസഫലിക്ക് അഭിമാനനേട്ടം; ‘ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്’ പട്ടികയിൽ ഒന്നാം സ്ഥാനം

ദുബൈ : യുഎഇയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റിയ പ്രമുഖ പ്രവാസി വ്യവസായികളുടെ പട്ടികയിൽ (ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്) ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് ആണ് ഈ പട്ടിക പുറത്തിറക്കിയത്. യുഎഇയിൽ യൂസഫലി യാഥാർത്ഥ്യമാക്കിയ നൂതനമായ റീട്ടെയിൽ വൈവിധ്യവത്കരണത്തെ ഫിനാൻസ് വേൾഡ് പ്രത്യേകം അഭിനന്ദിച്ചു.

ഉത്പന്നങ്ങളുടെ വിലസ്ഥിരതാ നയങ്ങൾ, ഉയർന്ന നിലവാരമുള്ള ഉപഭോക്തൃ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര രംഗത്തെ വിപുലീകരണ തന്ത്രങ്ങൾ ഇവയെല്ലാം ഏറ്റവും മികച്ചതാണെന്ന് ഫിനാൻസ് വേൾഡ് അഭിപ്രായപ്പെട്ടു.

യുഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമനത്തിനായുള്ള ശ്രമങ്ങൾ, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് നൽകിവരുന്ന പിന്തുണ എന്നിവ കൂടി വിലയിരുത്തിയാണ് യൂസഫലിക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.