
മുക്കം : അപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മുക്കത്തെ മൂന്ന് കുരുന്നുകൾക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം ഇന്ന് മുക്കത്തെ കുട്ടികളുടെ വീട്ടിലെത്തി നേരിട്ട് കൈമാറും.
മുക്കം കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒറ്റപ്രസവത്തിലെ (ട്രിപ്പ്ലറ്റ്) മൂന്ന് ആൺകുട്ടികളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവർക്കാണ് എസ്എംഎ രോഗം സ്ഥിരീകരിച്ചത്. ഒരു വയസ്സും എട്ട് മാസവും പ്രായമുള്ള ഈ കുരുന്നുകളുടെ ജീൻ തെറാപ്പിക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 50 കോടി രൂപയാണ് ചെലവ് വരുന്നത്.
പേശീബലം ക്ഷയിക്കുന്ന ഈ രോഗാവസ്ഥ കാരണം ഇരിക്കാനും നടക്കാനും എഴുന്നേൽക്കാനും എന്തിന് ശ്വാസമെടുക്കാനും ആഹാരം കഴിക്കാനും പോലും കുഞ്ഞുങ്ങൾ ഏറെ പ്രയാസപ്പെടുകയാണ്. ഭീമമായ ഈ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ചേർന്ന് വിപുലമായ ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടരുകയാണ്.
ബിരിയാണി-പായസം-ചായ ചലഞ്ചുകൾ, ഗാനവിരുന്നുകൾ, സൗഹൃദ-സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റുകൾ, വീടുകൾ കയറിയുള്ള ഫണ്ട് ശേഖരണം എന്നിവയ്ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് ധനസമാഹരണം പുരോഗമിക്കുന്നത്.