
ആലപ്പുഴ : കായംകുളം വലിയഴീക്കൽ തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ചാകരക്കാലം. കടലിൽ പോയ വള്ളത്തിന് ഒരൊറ്റ വലവീശലിൽ ലഭിച്ചത് ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന വലിയ നെയ്മത്തികൾ.
വലിയഴീക്കൽ ഹാർബറിൽ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ലെയ്ലാൻഡ് പമ്പാവാസൻ എന്ന വള്ളത്തിനാണ് ഭാഗ്യച്ചാകര ലഭിച്ചത്. തീരത്തുനിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ ദൂരെ നിന്നാണ് മത്തി ലഭിച്ചത്.
ചൂടൻ വലയിലും താങ്ങുവലയിലുമായി ഏകദേശം പതിനായിരത്തിലധികം കിലോ മത്തിയാണ് കുടുങ്ങിയത്. വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രം ലഭിക്കുന്ന വലിയ നെയ്മത്തികളാണ് ഇത്തവണ തൊഴിലാളികൾക്ക് ലഭിച്ചിരിക്കുന്നത്. സാധാരണ മത്തികളേക്കാൾ ഏറെ ഡിമാന്റുള്ള ഇനമാണിത്.