
മയ്യിൽ: തോട്ടിൽ 28 വർഷം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചു.അരിമ്പ്ര സ്വദേശി ഒ വി വസന്ത കുമാരിയുടെ അരപ്പവൻ വരുന്ന വിവാഹ മോതിരമാണ് വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയത്.മൂലയിൽ താഴെ ഉറവ് ചാലിൽ നിന്ന് കുളിക്കുകയായിരുന്ന മുല്ലക്കൊടി പടിഞ്ഞാറ് യൂണിറ്റിലെ ബാലസംഘം പ്രവർത്തരായ കെ ഋതുനന്ദ്,
കെ വി ഷാരോൺ, കെ ശ്രീനന്ദ്, എൻ കെ ഋതുനന്ദ് എന്നിവർക്കാണ് സ്വർണ മോതിരം തോട്ടിലെ മണ്ണിൽ നിന്നും കളഞ്ഞ് കിട്ടുന്നത്.മോതിരത്തിലെ പേരാണ് ഉടമയായ വസന്ത കുമാരിയെ കണ്ടെത്താൻ ഇടയാക്കിയത്. വർഷങ്ങൾക്ക് മുൻപ് അരിമ്പ്രയിലെ വീടിന് സമീപത്തെ തോട്ടിൽ നിന്ന് തുണി കഴുകുന്നതിന് ഇടയിലാണ് ഭർത്താവ് അശോകൻ സമ്മാനിച്ച മോതിരം നഷ്ടപ്പെട്ടത്.
തുടർന്ന് ദിവസങ്ങളോളം വിവാഹ മോതിരത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല.