
തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും നടക്കും. തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി കമ്മീഷൻ അറിയിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 9 നും രണ്ടാം ഘട്ടം ഡിസംബർ 11നും നടക്കും.
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾക്ക് ഡിസംബർ 11നും നടത്തും. പോളിങ് രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ്. തെരഞ്ഞെടുപ്പ് ഫലം ഡിസംബർ 13ന് പുറത്തുവരും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതികളിൽ ഭൂരിപക്ഷവും ഇടതുമുന്നണിക്കാണ്.
ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം എന്നിവിടങ്ങളിൽ എൽഡിഎഫും കണ്ണൂരിൽ യുഡിഎഫുമാണ് ഭരിക്കുന്നത്. 87 നഗരസഭകളിൽ എൽഡിഎഫ് 44 ഇടത്തും യുഡിഎഫ് 41 ഇടത്തും ഭരിക്കുന്നു. ബിജെപി പാലക്കാടും പന്തളത്തും അധികാരത്തിലുണ്ട്. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണത്തിലും എൽഡിഎഫ് ഭരണത്തിലാണ്.