
തിരുവനന്തപുരം : കേന്ദ്രസർക്കാർ പദ്ധതിയിലൂടെ വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയിൽ നിന്നും മകളിൽ നിന്നുമായി ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു.
ചെമ്മരുതി സ്വദേശിനി ജയശ്രീ, കൊല്ലം സ്വദേശികളായ അനീഷ, രമ്യ, താഹ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്രസർക്കാരിന്റെ സ്വയംതൊഴിൽ സംരംഭകത്വ വായ്പാ സബ്സിഡി പദ്ധതിയിലൂടെ ഒരു കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
2025 മാർച്ച് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിലാണ് പണം കൈക്കലാക്കിയത്. പ്രതികളിൽ ഒരാൾ പദ്ധതിയുടെ സിഇഒ ആണെന്നും മറ്റുള്ളവർ ഉദ്യോഗസ്ഥരാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് പരാതിക്കാരിൽ നിന്ന് പണം വാങ്ങിയത്.
വായ്പ അനുവദിക്കുന്നതിനുള്ള പ്രോസസിംഗ് ഫീസെന്ന പേരിൽ വിവിധ ഘട്ടങ്ങളിലായാണ് ഏകദേശം ഒരു കോടി രൂപയോളം ഈടാക്കിയതെന്ന് പരാതിയിൽ പറയുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയുമാണ് പണം കൈമാറിയത്. സംഭവത്തിൽ അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.