
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 33 മരണം
ജമ്മു കശ്മീർ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 33 പേർ മരിച്ചു. 50-ൽ അധികം പേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അടുത്ത 24 മണിക്കൂർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
മേഘവിസ്ഫോടനം ഉച്ചയ്ക്ക് 12:30-ഓടെയാണ് കിഷ്ത്വാറിലെ ചശോതി മേഖലയിൽ സംഭവിച്ചത്. മിന്നൽ പ്രളയത്തിൽ ഒരു പ്രദേശമാകെ ഒലിച്ചുപോയി. മച്ചൈൽ മാതാ തീർത്ഥപാതയിലുണ്ടായ അപകടത്തിൽ തീർത്ഥാടകർക്ക് ഭക്ഷണം നൽകാനായി ഒരുക്കിയ താത്കാലിക ടെന്റുകളും ഒലിച്ചുപോയി. കാണാതായവരുടെ കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനവും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, ഹിമാചൽ പ്രദേശിലും മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഡൽഹിയിൽ കനത്ത മഴയിൽ ഒരാൾ മരിച്ചു.