കാസർകോട്: കൊളത്തൂരിൽ വീണ്ടും പുള്ളിപ്പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കൊളത്തൂർ നിടുവോട്ടെ ജനാർദനന്റെ റബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഏകദേശം അഞ്ച് വയസുള്ള ആൺപുലിയാണ് കൂട്ടിൽ കുടുങ്ങിയത്. കൂട്ടിലായ പുലിയെ കുറ്റിക്കോൽ പള്ളത്തുംങ്കാലിലെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി വയനാട്ടിൽ നിന്നും വെറ്റിനറി സർജൻ എത്തിയ ശേഷം പരിശോധന അടക്കമുള്ളവ നടത്തും.
ഫെബ്രുവരി 23ന് രാത്രിയും ഇതേസ്ഥലത്തെ കൂട്ടിൽ ഒരു പെൺപുലി കുടുങ്ങിയിരുന്നു. കൂട് സ്ഥാപിച്ച സ്ഥലത്തെ വലിയ ഗുഹയിൽ രണ്ട് പുലികൾ കഴിയുന്നതായി വനം വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു പുലി ആദ്യം കൂട്ടിലായതോടെ രണ്ടാമത്തെ പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ.