Banner Ads

പാലാ നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസായി; യുഡിഎഫിന് ഭരണം നഷ്ടമായി

പാലാ : പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസായി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.

യുഡിഎഫ് നേതൃത്വത്തിന്റെ നിർദ്ദേശവും വിപ്പും മറികടന്ന് 4 കോൺഗ്രസ് കൗൺസിലർമാരും നിലവിലെ നഗരസഭാ ഉപാധ്യക്ഷയും അവിശ്വാസത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയതോടെയാണ് ഭരണസമിതി പുറത്തായത്.

26 അംഗ കൗൺസിലിൽ 17 പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. എൽഡിഎഫിലെ 12 അംഗങ്ങൾ (10 കേരള കോൺഗ്രസ് – എം, 2 സിപിഐഎം), കോൺഗ്രസിലെ 4 അംഗങ്ങൾ, നിലവിലെ വൈസ് ചെയർപേഴ്‌സൺ മായ രാഹുൽ എന്നിവരടക്കമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കണമെന്ന് നിർദ്ദേശിച്ച് കോൺഗ്രസ്, യുഡിഎഫ് നേതൃത്വങ്ങൾ കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് കോൺഗ്രസ് കൗൺസിലർമാരായ ബിജു മാത്യൂസ്, ടോണി തൈപറമ്പിൽ, രജിത പ്രകാശ്,

ലിസികുട്ടി മാത്യൂസ് എന്നിവരും കോൺഗ്രസ് വിമതയായി ജയിച്ച വൈസ് ചെയർപേഴ്‌സൺ മായ രാഹുലും യോഗത്തിനെത്തി അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലായിൽ ഭരണത്തിലേറിയത്.

എന്നാൽ വൈസ് ചെയർപേഴ്‌സൺ പദവിയെച്ചൊല്ലിയും ഭരണപരമായ വിഷയങ്ങളിലും യുഡിഎഫും സ്വതന്ത്ര കൂട്ടായ്മയും തമ്മിൽ തുടക്കം മുതലേ കടുത്ത ഭിന്നത നിലനിന്നിരുന്നു. തർക്കം രൂക്ഷമായതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയവുമായി മുന്നോട്ടുവന്നത്.