Banner Ads

അവസാന ശ്രമങ്ങളും വിഫലം; മതിൽ ഇടിഞ്ഞു വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിർമാണത്തിലിരുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ചുറ്റുമതിൽ പണിയാൻ എത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

സംഭവം നടന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഉദയ് മാഞ്ചിയെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മതിലിനടിയിൽ കുടുങ്ങിക്കിടന്ന ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.