Banner Ads

കെപിസിസി പുനഃസംഘടന; തഴഞ്ഞതിൽ അതൃപ്തൻ, ചാണ്ടി ഉമ്മൻ കോൺഗ്രസ് പരിപാടിയിൽ നിന്ന് വിട്ടുനിന്നു

കോട്ടയം : കെപിസിസി പുനഃസംഘടനയിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ കെപിസിസി പരിപാടിയിൽ നിന്ന് വിട്ടുനിന്നു. അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ഇന്ന് രാവിലെ നടന്ന റാന്നിയിലെ സ്വീകരണത്തിൽ പങ്കെടുക്കേണ്ടിയിരുന്നെങ്കിലും ചാണ്ടി ഉമ്മൻ എത്തിയില്ല.

കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടാതിരുന്ന അബിൻ വർക്കിയെ ചാണ്ടി ഉമ്മൻ പിന്തുണച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

യൂത്ത് കോൺഗ്രസ് മുൻ ഉപാധ്യക്ഷന്മാരെയും പുനഃസംഘടനയിൽ പരിഗണിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ കെ.പി.സി.സി. പുറത്തുവിട്ട 13 ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയ ജംബോ കമ്മിറ്റിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.