Banner Ads

കോട്ടയം നെഹ്‌റു സ്റ്റേഡിയം ലഹരി-അനാശാസ്യ കേന്ദ്രം; കാഴ്ചക്കാരായി അധികാരികൾ

കോട്ടയം : കോട്ടയം നഗരമധ്യത്തിലെ നെഹ്‌റു സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും താവളമായി മാറിയിരിക്കുന്നു. സ്കൂൾ സമയങ്ങളിൽ പോലും യൂണിഫോം ധരിച്ച വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ ഗാലറികളിൽ അനാശാസ്യ പ്രവർത്തനങ്ങൾ അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അധികാരികളുടെ കണ്ണുവെട്ടിച്ച് നട്ടുച്ച സമയത്താണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൂൾ വിദ്യാർത്ഥിനികളും പ്രായപൂർത്തിയാകാത്തവരുമാണ് ഇത്തരം സംഘങ്ങളുടെ വലയിൽ അകപ്പെടുന്നത്. ഇവരെ നിരീക്ഷിക്കാൻ മറ്റൊരു സംഘം പുറത്ത് കാവൽ നിൽക്കും.

സ്ഥിരമായി അനാശാസ്യവും ലഹരി ഉപയോഗവും നടക്കുന്നത് ചൂണ്ടിക്കാട്ടി നാട്ടുകാരും സമീപത്തെ കടക്കാരും പോലീസിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു ദുരന്തം സംഭവിച്ചാൽ മാത്രമേ അധികാരികൾ ഇടപെടുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഈ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.