
കോട്ടയം : അയ്മനം പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന് തുടക്കമായി. പുത്തൂക്കരി പാടശേഖരത്തിന് സമീപം നടന്ന ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസമാണ് ഫെസ്റ്റ് നടക്കുക.അയ്മനത്തും ടൂറിസത്തിന് കുമരകം പോലെ ഒട്ടേറെ വികസനസാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും. അതിനുള്ള തുടക്കമാണ് ആമ്പൽ വസന്തം ടൂറിസം ഫെസ്റ്റ്. അയ്മനത്ത് ഒരു വാട്ടർ തീം പാർക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി വി.എൻ. വാസവൻ വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽപ്പാടത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷൻ, പുത്തൂക്കരി പാടശേഖര സമിതി, അരങ്ങ് സാംസ്കാരിക വേദി, ഐക്യവേദി റസിഡന്റ്സ് അസോസിയേഷൻ,
പുത്തൂക്കരി റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. ഞായറാഴ്ച വരെ രാവിലെ 6 മണി മുതൽ 10 മണി വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ, ആമ്പൽ ജലയാത്ര, നാടൻ ഭക്ഷ്യമേള, റീൽസ്-ഫോട്ടോ ഷൂട്ട് മത്സരങ്ങൾ എന്നിവ നടക്കും.