
കണ്ണൂർ : കണ്ണൂരിലെ ജനവാസമേഖലകളെ ഭീതിയിലാഴ്ത്തിയ കെഎം വൺ എന്ന മോഴയാനയെ പിടികൂടാനുള്ള കണ്ണൂർ മഖ്ന ദൗത്യം കൂടുതൽ സങ്കീർണമാകുന്നു. മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും ആന മയങ്ങിയില്ല. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് മാത്രമാണ് ആനയെ വനമേഖലയോട് ചേർന്ന ഭാഗത്ത് കൃത്യമായി കണ്ടെത്താൻ സാധിച്ചത്.
വനംവകുപ്പ് സംഘത്തിന് ആനയ്ക്ക് തൊട്ടടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. ഇതിനിടെ മോഴയാനയ്ക്ക് സമീപമായി മറ്റൊരു കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഡോക്ടർമാരുടെ സംഘം ആനയുടെ ആരോഗ്യനിലയും നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കുങ്കി ആനകളും ദൗത്യസ്ഥലത്ത് എത്തിയിട്ടുണ്ട്. കാടുമൂടിയ പ്രദേശമായതിനാൽ ഒരു കിലോമീറ്ററിലധികം വഴിതെളിച്ച ശേഷമേ ആനയെ പുറത്തെത്തിക്കാൻ സാധിക്കൂ. നിലവിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം തടസ്സമാകുന്നുണ്ടെങ്കിലും ആനയെ സുരക്ഷിതമായി പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.