
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ആവർത്തിച്ച് കുടുംബം. കൃത്യസമയത്ത് ചികിത്സ നിഷേധിക്കപ്പെട്ടതാണ് വേണുവിൻ്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം. ഹൃദയാഘാതമുണ്ടായ ആൾക്ക് കിടക്ക പോലും കിട്ടിയില്ല.
തുണി വിരിച്ചാണ് അദ്ദേഹത്തെ കിടത്തിയത്. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും ഡോക്ടർമാർ മരുന്ന് പോലും നൽകാൻ തയ്യാറായില്ല. രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും ജീവനക്കാർ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു. പലതവണ ആവശ്യപ്പെട്ട ശേഷമാണ് വേണുവിനെ ഐസിയുവിലേക്ക് മാറ്റിയത്.
ഐസിയുവിലേക്ക് മാറ്റിയ ശേഷം പെട്ടെന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതായി അറിയിച്ചു. എന്നാൽ കാണാൻ പോലും സമ്മതിച്ചില്ല. വെന്റിലേറ്ററിലാണെന്ന് പറഞ്ഞതിനുശേഷം പിന്നീട് മോർച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. വെന്റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ വേണുവിന് എന്തോ സംഭവിച്ചിരുന്നു എന്നും മരിച്ച ശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് ആശുപത്രി അധികൃതർ പ്രതികരിച്ചതെന്നും സിന്ധു പറഞ്ഞു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. വേണുവിൻ്റെ മരണത്തിൽ പോലീസ് അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്ന് സഹോദരൻ ബേബി ആവശ്യപ്പെട്ടു. കുറ്റക്കാരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. വേണുവിൻ്റെ ഭാര്യയും രണ്ട് പെൺമക്കളും അനാഥരായി. അവർക്ക് നീതി കിട്ടണമെന്നും ബേബി പറഞ്ഞു.